2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ആണ്‍ ദൂരം

ആന്റണി: "മരിക്കാനുള്ള സന്നദ്ധതയാണ് എല്ലാ രക്തസാക്ഷികളേയും ഇതിഹാസങ്ങളാക്കി മാറ്റുന്നത്. ഭയമില്ലാതെ, സ്വാർത്ഥതയില്ലാതെ ഉറച്ച ചുവടുകളുമായി മരണത്തിലേക്കു നടന്നടുത്തവരാണവർ.ഒരുതരത്തിൽ രക്തസാക്ഷിത്വം ആത്മഹത്യാപരമാണ്.എല്ലാ രക്തസാക്ഷികളും ആത്മഹത്യ ചെയ്തവരാണ്"

മദ്യം അകത്തു ചെന്നാൽ തത്വശാസ്ത്രം ശർദ്ദിക്കുക അയാളുടെ ശീലമാണ്. പക്ഷേ മരണത്തേയും ആത്മഹത്യയേയും പറ്റി പറയുന്നത് ആദ്യമായിട്ടാണ്.ബട്ടർഫ്ളൈ കോളറുള്ള വയസ്സർ വെയ്റ്റർ വിഷണ്ണനായി. ആത്മഹത്യയെ പറ്റി സംസാരിക്കുന്ന കസ്റ്റമേർസിനു മദ്യമൊഴിച്ചുകൊടുക്കുമ്പോൾ കൈകൾ വിറക്കും.

വയസ്സൻ വെയ്റ്റർ പറഞ്ഞു:- " സാറിനിന്ന് അധികമായി... "

വയസ്സന്റെ അനുഭവങ്ങളുടെ പുകമറ വീണ കണ്ണുകളിലെ തീക്ഷ്ണത കണ്ടിട്ടാകണം ആന്റണി മറ്റൊന്നും പറഞ്ഞില്ല. ചില സന്ദർഭങ്ങളിലെങ്കിലും പറയാതെ പോയ വാക്കുകളിലൂടെയാകും മറ്റുള്ളവർ നമ്മളെ സ്മരിക്കുക.  അല്ലെങ്കിലും വിശദീകരിക്കനും പറഞ്ഞു മനസ്സിലാക്കാനുമുള്ള കഴിവിന്റെ അഭാവമാണല്ലോ അയാളെ മദ്യശാലയിലെ എച്ചിലുകൾ നിറഞ്ഞ മേശപ്പുറത്തെത്തിച്ചത്. 

ദിവസങ്ങളായി ഉറക്കത്തിന്റെ രാസപ്രവർത്തനങ്ങൾ ഘനീഭവിച്ചുപോയ ശരീരമാണയളുടേത്. നീറി തടിച്ചുവീർത്ത് ചലം ഒഴുകുന്നത് കണ്ണുകളിൽ നിന്നുമാത്രമല്ല. മനസ്സിൽ നിന്നും കൂടിയാണ്.ഒരു പതിഞ്ഞ മൂളലോടെ പാതി തീർന്ന മദ്യകുപ്പി കക്ഷത്തിൽവച്ച്  യാത്ര പറഞ്ഞിറങ്ങി. 

ആന്റണി വർഷങ്ങളായി ആ വയസ്സന്റെ കസ്റ്റമറാണ്. അയാൾ ഇതിനു മുൻപൊരിക്കൽ പോലും യാത്രപറഞ്ഞിറങ്ങിയിട്ടില്ല.

വൃദ്ധന്റെ ഹൃദയം തേങ്ങി. 

അർത്ഥഗർഭമായ മൗനത്തോടെ, ആന്റണി ആടിയാടി അരണ്ട വെളിച്ചത്തിലൂടെ നടന്നുപോകുന്നതു അയാൾ നോക്കി നിന്നു. 

മദ്യശാലക്കു പുറത്ത് വേശ്യകൾക്കായി ഒരു തെരുവുണ്ട്. തെരുവിലെ മഞ്ഞ കൂടിയ വെളിച്ചം കുടപോലെ വിരിയിക്കുന്ന വഴിവിളക്കുകളുടെ ചുവട്ടിലാണ് അവർ നിൽക്കുക. ഒരോരുത്തർക്കുമുണ്ട് ഒരോരോ വഴിവിളിക്കുകൾ. ഒരാൾക്കവകാശപെട്ട വഴിവിളക്കിൻ ചുവട്ടിൽ മറ്റൊരു വേശ്യയും വന്നു നിൽക്കില്ല. ആ വഴിവിളക്കുകളുടെ അക്കങ്ങളിലാണവരെ ആവശ്യക്കാർ തിരിച്ചറിഞ്ഞു അന്വേഷിച്ചു വരുന്നതു തന്നെ.

തുരുമ്പിച്ചു മറിഞ്ഞു വീഴാറായ നാല്പത്തിനാലാം നമ്പർ വിളക്കു കാലിന്റെ ചുവട്ടിൽ ഒരു ചുരുളൻ മുടിക്കാരി ചാരി നിൽക്കുന്നു.  അവളുടെ വലത് ചെവിക്കു താഴെയുള്ള ചെറിയവെള്ള പാണ്ട് ദൂരെ നിന്നും വ്യക്തമായി കാണാം.

ലോകത്തോട് മുഴുവൻ കലഹിച്ചിട്ടും കൂടെകൂട്ടാൻ പറ്റാതെപോയ ആന്റണിയുടെ കാമുകിക്കുമുണ്ടായിരുന്നു അങ്ങനെയൊരു വെള്ള പാണ്ട്. അപൂർണ്ണതയുടെ സൗന്ദര്യം പ്രകൃതിവരച്ചുവച്ച പോലൊരു വൃത്തം. കുറ്റിക്കാട്ടിലെ സല്ലാപങ്ങൾക്കിടയിൽ ആ പാണ്ടിനു ചുറ്റും ചൂണ്ടു വിരലോടിച്ചു കളിക്കുന്നതു രസമായിരുന്നു!

കുറ്റിക്കാട്ടിൽനിന്നും പതിവായുയരുന്ന ചോദ്യമുണ്ട്

 " വെള്ള പാണ്ടുള്ളവരെ ആർക്കും ഇഷ്ട്ടമാവില്ല. ആരും കല്യാണവും കഴിക്കില്ലായിരിക്കും... അല്ലേ ?"

അതിനുത്തരവും ഒരു ചോദ്യമാണ്. 

ആന്റണി : "വെള്ളപ്പാണ്ട് വന്നത് നിന്റെ തൊലിക്കല്ലേ... മനസ്സിനല്ലല്ലോ?"

എന്തെന്നറിയാതെ, ചോദ്യവും ചോദ്യരൂപത്തിലുള്ള ഉത്തരവും ആ കുറ്റിക്കാട് എന്നും ഒരേ ഭാവത്തോടെ ശ്രവിച്ചുനിന്നു.

പിന്നീട് അവളുടെ വിവാഹം കഴിഞ്ഞ ദിവസം കാതങ്ങൾക്കപ്പുറമുള്ള നഗരത്തിലെ എപ്പോഴും ഇരുട്ടുള്ള മുറിയിൽ വിലക്കു വാങ്ങിയ ശരീരത്തെ അവളുടെ പേരു ചൊല്ലി വിളിച്ചു നിർത്താതെ കരഞ്ഞുകൊണ്ട് ചേർത്തുവച്ചത് അയാൾ ഓർത്തു.

കളവുകൾ പറയാതിരുന്നിട്ടും വിശ്വസിക്കാൻ ആരുമില്ലാതെപോയവരുടെ പ്രണയനൈരാശ്യം ഇങ്ങനെയൊക്കെ കെട്ടടങ്ങൂ.!

ആന്റണി മദ്യം നുണഞ്ഞുകൊണ്ട് നാൽപ്പത്തിനാലാം നമ്പർ വഴിവിളക്കിന്റെ ചുവട്ടിൽ ചാരിനിക്കുന്ന വെള്ളപാണ്ടുകാരിയെ കുറേനേരം നോക്കിനിന്നു. നഷ്ട്ടപെട്ടുപോയ കാമുകിയുടെ സാദൃശ്യങ്ങൾ വേശ്യയിലന്വേഷിക്കുന്നതാണ് ആണിന്റെ വാസന.  വൈകല്യമുള്ള ആൺവംശത്തോട് മുഴുവൻ അയാൾക്ക് ഭയവും വെറുപ്പും തോന്നി.

സമയം ഏറേയായി മറ്റു വഴിവിളക്കിന്റെ അവകാശികളെയെല്ലാം ഒരോരുത്തരായി വാടകക്കു സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. ഇനിയാരെങ്കിലും വരുമെന്ന പ്രതീക്ഷയും വേണ്ട. വഴിവിളക്കുകൾ അണയാൻ സമയമായ്. ചെയ്യാത്ത ജോലിക്കു കൂലികൊടുക്കുന്നതു പാപമാണ്. ചോട്ടുവിനു കൊടുക്കേണ്ട തുകമാറ്റി വച്ചു ബാക്കി മുഴുവനും അയാൾ നാല്പത്തിനാലാം നമ്പർ വഴിവിളക്കിനരികിലായി താഴെയിട്ടു, ഒന്നും അറിയാത്ത പോലെ നടന്നു പോയി. 

വിശപ്പറിയാതെ സസുഖം വാഴുന്ന വേശ്യകൾ ഒരു ദേശത്തിലെ സ്ത്രീ സ്വാതന്ത്രത്തിന്റെ ലക്ഷണംകൂടിയാണ്. അവകാശിയുടെ കണ്ണിൽ  പണം പെടാതെ പോകില്ല.!

ആന്റണികെത്തേണ്ട സ്ഥലം അല്പം ദൂരെയാണ്. മഞ്ഞ വെളിച്ചം പടർന്ന വഴിയും കോൺക്രീറ്റ് റോഡും ഇശോ മിശീഹായുടെ കുരിശടിയും കഴിഞ്ഞുള്ള ചപ്പു ചവറുകൾ തള്ളുന്ന വെള്ളമില്ലാത്ത പുഴയരികിലെ മരച്ചുവട്ടിലാണ് ആന്റണികെത്തേണ്ടത്. ചോട്ടു ചിലപ്പോൾ ഏൽപ്പിച്ച ജോലി ചെയ്തു തീർത്തിട്ടുണ്ടാകും.

വ്യായാമം ചെയ്തു ശിലപോലെ ഉറപ്പിച്ചെടുത്ത ശരീരം വള്ളിച്ചെടി പോലെ ആടുന്നു. മദ്യലഹരിയേക്കാൾ അയാളെ അലട്ടുന്നത് ഉറക്കമില്ലായ്മയാണ്. ഉറക്കം കണ്ണുകളെ കൊട്ടിയടക്കാൻ ശ്രമിക്കുന്നുവെങ്കിലും അകക്കണ്ണ് ചിമ്മാതെ ഭയപ്പെട്ട് തുറിച്ചു നോക്കുകയാണ്.

അയാൾ വേച്ചു വേച്ചു കോൺക്രീറ്റ് റോഡിലേക്കു കയറി.

മരിക്കാറായ ശരീരവുമായി പാഞ്ഞുപോയ ആംബുലൻസിന്റെ വെളിച്ചത്തിലാണ് അയാൾ ആ നായയെ കണ്ടത്. ചക്രങ്ങൾ കയറി എല്ലുകൾ തകർന്നു ചോരവാർക്കുന്ന ശരീരവുമായി നായ ആന്റണിയെ നോക്കി മോങ്ങി. മദ്യകുപ്പി താഴെവച്ച് അയാൾ അതിനെ മടിയിലെടുത്ത് കഴുത്തിലും മുതുകിലുമെല്ലാം ചൊറിഞ്ഞു കൊടുത്തു. പ്രതീക്ഷിക്കാതെ കിട്ടിയ പരിചരണത്തിന്റെ ആലസ്യത്തിൽ നായ പിന്നെയും മോങ്ങി. കണ്ണുകളടച്ചു. പിന്നെ അതു കണ്ണുകൾ തുറന്നില്ല. ആന്റണിയുടെ മടിയിൽ നായ നിശ്ചലമായി. 

നായയുടെ ശരീരം അവിടെ തന്നെ ഉപേക്ഷിച്ചിട്ടു പോകാം.  ശരീരം ദിവസങ്ങളോളം വഴിയിൽ കിടന്നഴുകി ചീഞ്ഞു പുഴുക്കളരിച്ചുഅനേകം ചക്രങ്ങൾ കയറി ഇറങ്ങി  പ്രപഞ്ചത്തിൽ അലിഞ്ഞു ചേർന്നേക്കാം.ആരുടേതുമല്ലാത്ത ലോകമാണിത്. 

ആന്റണിക്ക് നായയുടെ ശരീരം മറവു ചെയ്യണമെന്നു തോന്നി.

കുഴിച്ചിടാൻ അവിടെയെങ്ങും മണ്ണുള്ള സ്ഥലമുണ്ടായിരുന്നില്ല. കോൺക്രീറ്റുകൾ കൊണ്ട് ഭൂമിയുടെ തൊലിപ്പുറം പൊതിഞ്ഞുകളഞ്ഞ നഗരമായിരുന്നു അത്.ഏറെ നേരം അലഞ്ഞു തിരിഞ്ഞിട്ടാണ് അല്പം മണ്ണുള്ള ഒരു സ്ഥലം കിട്ടിയത്. അതൊരു പൂന്തോട്ടമാണ്.നഗ്നമായ കൈകൾ കൊണ്ട് മണ്ണുകോരി കുഴിയുണ്ടാക്കി നായയെ ഇട്ടുമൂടി. അന്ത്യ കൂദാശ പാടി.

അവറാൻഎന്നാണ് ആ നായയെ അയാൾ അഭിസംബോധന ചെയ്തത്.

ചുള്ളികമ്പുകൊണ്ട് കുരിശുണ്ടാക്കി തലക്കൽ കുത്തിവച്ചു.ക്ഷമ ചോദിക്കുന്നതു പോലെ കൈകൾ മണ്ണിൽ വച്ചുകൊണ്ട് കുറേനേരം മൗനമായിരുന്നു.പിന്നെ ഒരു കവിൾകൂടെ മദ്യം കുടിച്ചശേഷം നടത്തം തുടർന്നു.

ആത്മഹത്യയേക്കാളും വിഷമകരമാണ് ക്ഷമിക്കുക എന്നത്!

സൈക്കിളിൽ അങ്ങാടിക്കു പോയ അപ്പൻ ലോറിയിടിച്ചു മരിച്ച കാര്യമറിഞ്ഞിട്ടും ഒന്നും കാണാൻ പോലും കൂട്ടാക്കാതെ ജോലിത്തിരക്കിന്റെ കാര്യം പറഞ്ഞൊഴിവായതു അയാൾ ഓർത്തു.  കാര്യം അറിയുമ്പോൾ ആന്റണി  നഗരത്തിലെ ഒരു മദ്യശാലയിൽ മുന്തിയ മദ്യം നുണഞ്ഞുകൊണ്ട് ചീട്ടുകളിക്കുകയായിരുന്നു.അരണ്ട വെളിച്ചത്തിൽ അയാൾ അന്നു  വാതുവച്ചു നേടിയത്തിൽ പ്രതികാര ശമനവുമുണ്ടായിരുന്നു.

പക്ഷേ പ്രതികാരം തീരുന്നിടത്തുനിന്ന് ഒരിക്കലും ശമിക്കാത്ത കുറ്റബോധം തുടങ്ങുമെന്ന സത്യം അയാൾ വൈകിയാണ് മനസ്സിലാക്കിയത്.

കുരിശടിക്കു മുൻപുള്ള കൊടുംവളവിലെ ആക്രികടയിൽ വലിച്ചുവാരിയിട്ടിരിക്കുന്ന അനേകം വസ്തുവകകൾക്കിടയിലെ  അനക്കം ആന്റണിയുടെ ശ്രദ്ധയിൽ പെട്ടന്നു പെട്ടു. തെരുവുകളിലും അഴുക്കു ചാലുകളിലും നീളമുള്ള സഞ്ചിതൂക്കി നടന്നു പ്ലാസ്റ്റിക്ക് കുപ്പിയും ഇരുമ്പും തുരുമ്പുമെല്ലാം ശേഖരിച്ചു ജീവിതം നീട്ടികൊണ്ടുപോകുന്ന ആക്രികടക്കാരനും ഭാര്യയും ഇണചേരുകയായിരുന്നു.  

ഏറ്റവും വന്യമായ ഇണചേരൽ നാഗങ്ങളുടേതാണ്. ഇഴുകിപിണഞ്ഞുപൊടിപടലങ്ങൾ പൊക്കി ഉരുണ്ടു മറിഞ്ഞ്,പരസ്പ്പരം ശ്വാസം മുട്ടിച്ച്സ്ഥലകാലബന്ധം നഷ്ട്ടപെട്ട ഇണചേരൽ. അത്രയും തന്നെ വന്യമായിരുന്നു ആക്രികടക്കാരനും ഭാര്യയും  രാത്രിയിൽ. 

ആന്റണിഇര പിടിക്കാൻ വരുന്ന ഒരു പൂച്ചയുടെ വൈദഗ്ദ്യത്തോടെ മറഞ്ഞിരുന്നു. 

സദാചാരത്തിന്റെ ആണികൾ അങ്ങനെയാണ്. പെട്ടന്നു തുരുമ്പിച്ചു ഇല്ലാതാകും! അവർ തളർന്നുറങ്ങും വരെ ആന്റണി ഒളിച്ചിരുന്നു. അപ്പോഴേക്കും തുരുമ്പുകൾക്കു മുകളിൽ വീണ അയാളുടെ രേതസ്സ് വരണ്ടുണങ്ങിയിരുന്നു. 

പിന്നീട് വസ്ത്രങ്ങളെല്ലാം അവിടെ ഉപേക്ഷിച്ച്നഗ്നനായിട്ടാണ് ആന്റണി നടത്തം തുടർന്നത്. 

വിചിത്രമാണ് നിദ്രയില്ലാത്തവന്റെ ചിന്തകൾ.

ഏഴാമത്തെ രാത്രിയാണ്. ബോധമണ്ഡലം മറ്റാരുടേയോ നിയന്ത്രണത്തിലാണ്.ആ അധികാരി ഉറങ്ങാതെ നിഴൽരൂപധാരിയായി എപ്പോഴും കൂടെയുണ്ട്.  ഒരു ശത്രുവിനെ പോലെ ചെവികളിൽ മൂളി ഉപദ്രവിക്കുന്നു. ഉറങ്ങാൻ കഴിയാത്ത ദയനീയതയെ പരിഹസിക്കുന്നു..!

പതിവില്ലാതെ കോപത്തോടെ സൂര്യൻ തിളച്ചു മറിഞ്ഞ ഓഗസ്റ്റ് മാസത്തിലെ തിങ്കളാഴ്ച്ച ദിവസമാണ് ആന്റണി ആദ്യമായിട്ടും അവസാനമായിട്ടും അവളെ കണ്ടത്ത്. അവസാനമായി  ഉറങ്ങിയതും. ഏതു ബലതന്ത്ര ശക്തിയാണ് ഇടയിൽ പ്രവർത്തിച്ചതെന്നറിയില്ല. പൊള്ളുന്ന വെയിലത്തു ദൂരെയാത്ര പോകേണ്ട ബസ്സ് കാത്തു നിൽക്കുകയായിരുന്നു. ബസ്സ് എത്താൻ വൈകിയ നേര മത്രയുംകൊണ്ട് പ്രണയമായി.

ഗാഡ പ്രണയം. വെയിലുകൾ പകച്ചുപോയ പ്രണയം.

പ്രണയം മരണത്തെപോലെയാണ് ക്ഷണിക്കാതെ ഔചിത്യബോധമില്ലാതെ എവിടേയും എപ്പോൾ വേണമെങ്കിലും കടന്നുവരാം.


ആന്റണിയും അവളും ഒറ്റക്കാണ്. രണ്ടു പേരും ദൂരെ യാത്രക്കു പോകാൻ തയ്യാറായി വന്നവരായിരുന്നു. പക്ഷേ അവർ എങ്ങോട്ടും പോയില്ല. ബസ്സ് പോയ്ക്കഴിഞ്ഞിട്ടും അത്ഭുതകരമായ ഒരു ശക്തിയുടെ ആകർഷണത്തിൽ അവർ പരസ്പ്പരം മുഖത്തോടു മുഖം നോക്കിയിരുന്നു.

നാഗത്തെപോലെ തളർന്നുറങ്ങിയ രാത്രിയുടെ ഏതോ താള ഭംഗത്തിൽ ഉണർന്നു നോക്കിയപ്പോൾ തൂവെള്ള ക്വിൽറ്റിനടിയിൽ മരിച്ചു കിടക്കുകയായിരുന്നു അവൾ. അല്പം മുൻപ് തീ പോലെ പൊള്ളിയ ശരീരം തണുത്തുമരവിച്ചിരുന്നു.

കാണാപുറങ്ങളിലെ ഭംഗിയുള്ള വെള്ള പാണ്ടുകൾ കരിനീലിച്ചു കീടക്കുന്നു.

എന്തൊക്കെയാണ് സംഭവിച്ചത് ? ഒരു പക്ഷേ അബോധത്തിൽ ഞാൻ തന്നെ കഴുത്തു ഞെരിച്ചു കൊന്നതാകുമോ?

ക്വിൽറ്റിനടിയിലെ നഗ്ന ശരീരം ഉപേക്ഷിച്ചു ആന്റണി ഇറങ്ങിയോടി. ആ ഓട്ടം ഇതുവരെ നിലച്ചിട്ടില്ല.മനസ്സ് ദൂരേക്കു ദൂരേക്കു ഓടികൊണ്ടിരിക്കുകയാണ്. കണ്ണുകൾ അടക്കാനാവുന്നില്ല.അടക്കുമ്പോഴെല്ലാം ശക്തിയുള്ള പ്രകാശം പോലെ ക്വിൽറ്റിന്റെ തൂവെള്ളനിറം കണ്ണുകളെ പൊള്ളിക്കുന്നു.

അങ്ങനെയൊരു സംഭവം നടന്നിട്ടു തന്നെയുണ്ടോ എന്നു ആന്റണിക്കു സംശയം തോന്നാറുണ്ട്.അവളുടെ മുഖം പോലും ഓർക്കാൻ സാധികുന്നില്ല.സംശയം മൂർച്ചിക്കുമ്പോൾ അയാൾ കെട്ടിടത്തിനു താഴെ നിന്നു അവിടെ ആൾക്കൂട്ടമോ പോലീസോ ഉണ്ടോയെന്നു നോക്കും.

ഇല്ല. ആരും ഇതു വരെ അറിഞ്ഞിട്ടില്ല. ആരും കാണാതെ ശവം എങ്ങോട്ടെങ്കിലും എടുത്തോണ്ട് പോയി മറവുചെയ്യാം. പക്ഷേ ഭയമാണ്. ഇനി ഒരിക്കൾ കൂടി ആ ശരീരത്തിൽ നോക്കാനാവില്ല. അതിനുള്ള കരുത്തയാളിലില്ല.ദിവസങ്ങളായി. ശരീരം അഴുകി പുഴുവരിക്കുന്നുണ്ടാകും.വാതിലുകൾ തുറന്നു നോക്കുവാനുള്ള ധൈര്യമില്ല.!

അവളുടെ ശരീരതിനെന്താണ് ദുർഗന്ധമില്ലാത്തത്.?

അതോ അയൽവാസികൾ  ദുർഗന്ധത്തെ അവഗണിക്കുന്നതാണോ ? ചീഞ്ഞഴുകിയ ശരീരത്തിന്റെ ദുർഗന്ധവുംഈ നഗരത്തിനു ശീലമാണ്.

കണ്ണിൻ തടങ്ങൾ കറുത്തു തടിച്ചു. 
                       
ഉൾതടങ്ങൾ തീ പോലെ പൊള്ളുകയാണ്. ഉറക്കമില്ലായ്മയെന്ന വ്യഥ അനുഭവിക്കുന്ന ഒരേഒരു ജീവിവർഗ്ഗം മനുഷ്യൻ മാത്രമാണ്.

ആക്രികടകയിൽ നിന്നും അയാൾ കൊടുംവളവിന്നപ്പുറത്തേക്കു ചെന്നു.

ആരോ കത്തിച്ചു വച്ച മെഴുകുതിരികൾ ഉരുകികൊണ്ടിരിക്കുന്നു.മെഴുകുതിരിക്കും മഞ്ഞ വെളിച്ചം.!

ആന്റണി യേശുദേവന്റെ കുരിശടിക്കു മുൻപിൽ മുട്ടുകുത്തിനിന്നു കരഞ്ഞു. 

"ഇനി ഒന്നുറങ്ങണം... അക കണ്ണ് കൂമ്പിയൊന്നുറങ്ങണം..ചെയ്തതെല്ലാം മറന്നൊരു നിദ്രവേണം... 

ഒരു തുണ്ട് വസ്ത്രം കൊണ്ട് നഗ്നത മറച്ച്കുരിശിൽ കീടന്ന യേശുദേവന്റെ കണ്ണുകളും  പാതിരാവിൽ തുറന്നിരിക്കുകയായിരുന്നു. നീറുന്ന അകകണ്ണിന്റെ നീരുവീണ് ഉരുകികൊണ്ടിരുന്ന മെഴുകുതിരികൾ അണഞ്ഞു.

നഗ്നനായി തന്നെയാണ് ആന്റണി ചപ്പുചവറുകളുടെ ദുർഗന്ധമുള്ള മരച്ചുവട്ടിലെത്തിയത്. ദുർഗന്ധ പൂരിതമാണെങ്കിലും  സ്ഥലത്ത് ദൂരൂഹമായ ഏകാന്തയുണ്ട്. സത്യങ്ങൾ എവിടെയോ മറഞ്ഞിന്നു നോക്കുന്നതുപോലെ. അതുകൊണ്ട് മാത്രമാണ് ആയിടം അയാൾ തിരഞ്ഞെടുത്തതു തന്നെ.

ചോട്ടു അയാളെ കാത്തിരിക്കുകയായിരുന്നു.നഗ്നനായി നടന്നു വരുന്ന മുതലാളിയെ കണ്ടവൻ ഒന്നമ്പരന്നു. പക്ഷേ എന്നതേയും പോലെ അവൻ ഒന്നും ചോദിച്ചില്ല.

താഴേക്കു കണ്ണുകൾ പായാതിരിക്കാൻ ചോട്ടു പ്രത്യേകം ശ്രദ്ധിച്ചു.

അവൻ മരച്ചില്ലയിലേക്കു വിരൽ ചൂണ്ടി. ഏല്പിച്ച ജോലി കൃത്യമായി അച്ചടക്കത്തോടെ ചെയ്തു തീർക്കാൻ വല്ലാത്ത കഴിവുണ്ടവനു.മറുചോദ്യവും സംശയവുമില്ലതെ പറയുന്ന കാര്യം ചെയ്തു തീർക്കും. 

ആ രാത്രിയിലും യജമാനന്റെ വിചിത്രമായ പെരുമാറ്റത്തിൽ അവനു ചോദ്യമോ സംശയമോ ഉണ്ടായിരുന്നില്ല.എങ്കിലും കൂലിവാങ്ങി തിരികെ പോയപ്പോൾ അവൻ ഏതോ ഉൾവിളിയിൽഒരു വട്ടം തിരിഞ്ഞു നോക്കി.

മരച്ചില്ലയിൽ കയറുകൊണ്ട് കുരുക്കുണ്ടാക്കിയിടാൻ പറഞ്ഞതെന്തിനാകും ?എന്താണ് യജമാനാൻ ദിവസങ്ങളായി സ്വഭവനത്തിൽ വരാത്തത് ?'

കൂലിയും വിശപ്പുമാണ് ചോട്ടുവിന്റെ ജീവിത പ്രശ്നങ്ങൾ. ജനനവും മരണവുമല്ല. ദൂരെ അടയാറായ ഭക്ഷണശാലയിൽ നിന്ന് വിശപ്പവനെ വിളിച്ചു.  മരച്ചുവട്ടിലെ ഏകാന്തതയിൽ ആന്റണിയെ ഒറ്റക്കാക്കി അവൻ വിശപ്പിന്റെ വഴിയിലൂടെ ഓടിപോയി. 

ആന്റണി ബാക്കിയുണ്ടായിരുന്ന മദ്യത്തിന്റെ അവസാന തുള്ളിയും നക്കി കൂടിച്ചു. കുപ്പി ദൂരേക്കു വലിച്ചെറിഞ്ഞു.പിന്നെ ക്ലേശപ്പെട്ടു മരക്കൊമ്പിലേക്ക് വലിഞ്ഞു കയറി,കഴുത്തിൽ കുരുക്കണിഞ്ഞു.

ചെയ്തു കൂട്ടിയതെല്ലാം അവസാന ശ്വാസത്തിൽ ഒരു ജലഛായാ ചിത്രം പോലെ സ്മരിച്ചു. അതിൽ എല്ലാമുണ്ടായിരുന്നു. അയാൾക്കിഷ്ട്ടമുള്ളതും അല്ലാത്തതുമായ എല്ലാം , പലനിറങ്ങളിൽ.. പല ഭാവങ്ങളിൽ. 

നിഴൽ രൂപധാരിയായ ശത്രു മരകൊമ്പിലിരുന്ന് ചിരിച്ചു.

കറുത്ത ആകാശത്തിൽ വെള്ളപാണ്ടായ് വളർന്ന പൂർണ്ണ ചന്ദ്രനെ നോക്കി ആന്റണി മണ്ണിലേക്കു ചാടി. പിടഞ്ഞുകൊണ്ട് സാവധാനം അയാളുടെ തുറിച്ചു നിന്നിരുന്ന അകകണ്ണുകളും അടഞ്ഞു. 

ഇപ്പോൾ നിത്യ നിദ്രയുടെ അഭൗമ ശാന്തത മാത്രം..,

നാല്പത്തിനാലാം നമ്പർ വിളക്കുകാളിന്റെ ചുവട്ടിൽ ആന്റണി കളഞ്ഞ പണം കിട്ടിയത്, അയാൾ ദൂരയാത്രപോകുന്ന ബസ്സ് കാത്തുനിന്നപ്പോൾ പരിചയപെട്ട സ്ത്രീക്കായിരുന്നു.വിശപ്പു സഹിക്കനാകതെ അവകാശികളില്ലാത്ത വഴിവിളക്കുകൾ തേടിയിറങ്ങിയതായിരുന്നു അവൾ.നന്ദിയും ദൈവഭയവുമുള്ളവളാകയാൽ  വിശപ്പു മാറ്റാൻ വേണ്ട പണമെടുത്ത ശേഷം ബാക്കി തുകകൊണ്ട് യേശുദേവന്റെ കുരിശടിയിൽ കത്തിക്കാൻ മെഴുകുതിരികൾ വാങ്ങി. വിജനമായ ആ കുരിശടിക്കു സമീപത്തായിരുന്നു അവളുടെ വാസസ്ഥലം.


മഞ്ഞവെളിച്ചം പടർത്തിയ മെഴുതിരികൾ ഉരുകിതീരും വരെ ആ പണത്തിന്റെ ഉടയോനുവേണ്ടി അവൾ പ്രാർത്ഥിച്ചു.